റേഡിയോയുടെ കണ്ടുപിടിത്തം

www.radiomelive.blogspot.com

ശാസ്ത്ര കണ്ടുപിടിത്തങ്ങളുടെ ചരിത്രത്തിൽ വളരെ കോലാഹലമുണ്ടാക്കിയ ഒന്നായിരുന്നു റേഡിയോയുടെ കണ്ടുപിടിത്തം. ഗൂഗ്ലിയെൽമോ മാർക്കോണിയാണ് 1859 പൊതുവേ റേഡിയോയുടെ ഉപജ്ഞാതാവായി പ്രചരിക്കപ്പെടുന്നത് എങ്കിലും അതിന്റെ കണ്ടുപിടിത്തത്തിന് മേലുള്ള പ്രധാന പേറ്റൻറ് ഇപ്പോൾ നിലവിലുള്ളത് നിക്കോള ടെസ്ല എന്ന സെർബിയൻ-അമേരിക്കൻ ശാസ്ത്രകാരന്റെ പേരിലാണ്. 

1895-ൽ 80 കിലോമീറ്റർ ദൂരെ വരെ റേഡിയോ സന്ദേശം അയയ്ക്കാനുള്ള ടെസ്ലയുടെ പദ്ധതി ഒരു ദൗർഭാഗ്യകരമായ തീപ്പിടുത്തത്തെ തുടർന്നു മുടങ്ങുകയുണ്ടായി.[1] തൊട്ടടുത്ത വർഷം 6 കിലോമീറ്റർ ദൂരെയ്ക്ക് സന്ദേശം അയയ്ക്കാൻ മാർക്കോണിയ്ക്ക് കഴിയുകയും ലോകത്തിലെ ഈ കണ്ടുപിടിത്തത്തിൽ നൽകപ്പെടുന്ന ആദ്യത്തെ പേറ്റൻറ് ഇംഗ്ലണ്ടിൽ മാർക്കോണിയ്ക്ക് നൽകപ്പെടുകയും ചെയ്തു[2]. എന്നാൽ ഈ കണ്ടുപിടിത്തം ടെസ്ല കോയിൽ എന്ന ടെസ്ലയുടെ തന്നെ കണ്ടുപിടിത്തത്തെ ആശ്രയിച്ചാണ് നിലനിന്നിരുന്നത് എന്നതിനാൽ അമേരിക്കയിൽ ഇതുമായി ബന്ധപ്പെട്ട് മാർക്കോണി നല്കിയ പേറ്റൻറ് അപേക്ഷ നിരസിക്കപ്പെട്ടു[3]. മൂന്നു വർഷങ്ങൾക്ക് ശേഷം മാർക്കോണിയുടെ നിരന്തര ശ്രമങ്ങളെ തുടർന്നു, ഈ പേറ്റൻറ് അദ്ദേഹം നേടിയെടുത്തു. 

1909-ൽ ഈ കണ്ടുപിടിത്തത്തിന് മാർക്കോണി നോബൽ സമ്മാനവും നേടി[4]. ഇത് ടെസ്ലയിൽ വാശിയുണ്ടാക്കുകയും മാർക്കോണിയുമായി ഒരു നിയമയുദ്ധത്തിന് ഇറങ്ങി പുറപ്പെടുകയും ചെയ്തു. തുടർന്നു നടന്ന കുറെ രാഷ്ട്രീയ-നിയമ കോലാഹലങ്ങളെ തുടർന്നു അമേരിക്കൻ സുപ്രീം കോടതി 1943-ൽ ടെസ്ലയെ തന്നെ ഈ കണ്ടുപിടിത്തത്തിന്റെ ഉപജ്ഞാതാവായി അംഗീകരിച്ചു. എന്നാൽ ഇപ്പൊഴും പലരും മാർക്കോണിയെയാണ് റേഡിയോയുടെ പിതാവായി അറിയുന്നത്[5]. 

ഇന്ത്യക്കാരനായ ജഗദീഷ് ചന്ദ്ര ബോസ് ഉൾപ്പെടെ മറ്റ് പല പ്രമുഖശാസ്ത്രജ്ഞരും റേഡിയോ കണ്ടുപിടിത്തത്തിന്റെ നാൾവഴിയിൽ മുഖ്യസംഭാവനകൾ നല്കിയിട്ടുണ്ട് എന്നതും ഈ അവസരത്തിൽ ശ്രദ്ധിക്കപ്പെടേണ്ടതാണ്.സാംസ്‌കാരിക പുരോഗതിയുടെ ചരിത്രത്തിൽ ശാസ്ത്രം നൽകിയ മികച്ച സംഭാവന ആണ് മാർക്കോണിയുടെ റേഡിയോ കണ്ടുപിടിത്തം.1920 കളുടെ ആരംഭത്തോടെ പല രാജ്യങ്ങളിലും പ്രേക്ഷേപണം ആരംഭിച്ചു.ഇന്ത്യയിൽ തുടർച്ചയായതും ക്രമവുമായതുമായ പ്രേക്ഷേപണം ആരംഭിക്കുന്നത് 1927 ൽ ആണ്.

അവലംബനം : വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


0 Comments

Newest Oldest